മിത്രാനന്ദപുരം ശ്രീ വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടന്നുവരുന്ന ഭാരതത്തിലെ തന്നെ അത്യപൂര്‍വ്വമായ യജുര്‍വേദയജ്ഞം (ഓത്തുകൊട്ട്) 2018 ആഗസ്റ്റ് 15 (1193 കര്‍ക്കിടകം 30) ബുധനാഴ്ച മുതല്‍ ഒക്‌ടോബര്‍ 30 ( 1194 തുലാം 13 ) ചൊവ്വാഴ്ച വരെ 45 സാദ്ധ്യായദിവസങ്ങളിലായി നടത്തപ്പെടുന്നു
ലോക സമാധാനത്തിനായി നടത്തുന്ന ഓത്തുകൊട്ട് എന്ന സമൂഹോപസന 1500 വര്‍ഷത്തോളമായി ഇവിടെ മുടങ്ങാതെ നടത്തുന്നു. കേരളത്തില്‍ പ്രചാരത്തിലുള്ള ഋഗ്, യജുസ് , സാമം ,എന്നിവയില്‍ യജുര്‍വേദമാണ് ഓത്തുകൊട്ട് എന്ന വേദ സംഹിതക്ക് ഉപയോഗിക്കുന്നത് . ഒരു കാലത്ത് കേരളത്തിലെ 22 ഓളം ക്ഷേത്രങ്ങളില്‍ ഓത്തുകൊട്ട് നിലനിന്നിരുന്നു. അതെല്ലാം ക്രമേണ ഇല്ലാതായി വന്‍ സാമ്പത്തിക ബാധ്യത വരുന്നതു കാരണം ക്ഷേത്രങ്ങളെല്ലാം തന്നെ ഓത്തുകൊട്ടില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ തൃശൂര്‍ ജില്ലയിലെ മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രത്തിലും രാപ്പാള്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും മാത്രമാണ് ഇത് മുടങ്ങാതെ നിലനില്‍ക്കുന്നത് . രാപ്പാളില്‍ ആറുവര്‍ഷത്തിലൊരിക്കല്‍ ഓത്തുകൊട്ട് നടക്കുമ്പോള്‍ മിത്രാനന്ദപുരത്ത് മൂന്നുവര്‍ഷത്തില്‍ ഒരിക്കലാണ്. പാണ്ഡിത്യത്തിന്റെ പ്രകടനം കൂടിയാണ് ഓത്തുകൊട്ട്.
വൈദീക സമ്പത്ത് എങ്ങിനെ സംരക്ഷിക്കുമെന്ന ചിന്തയില്‍ ആശങ്കയിലായ വേദ പണ്ഡിതര്‍ പരമശിവനെ തപസ്സു ചെയ്യുകയും ഒടുവില്‍ ജഡാധാരിയായ ഒരു മഹര്‍ഷിയുടെ രൂപത്തില്‍ പരമശിവന്‍ പ്രത്യക്ഷപ്പെടുകയും പണ്ഡിതര്‍ക്കായി ഓത്തുകൊട്ടിന്റെ അനുഷ്ഠാനരീതി ഉപദേശിച്ചു കൊടുക്കുകയും ചെയ്തതായാണ് ഐതിഹ്യം.
മിത്രാനന്ദപുരം ക്ഷേത്രത്തെ സംബന്ധിച്ച് ഓത്തുകൊട്ടിന് ഏറെ പ്രാധാന്യമുണ്ട്. ഇവിടുത്തെ പ്രതിഷ്ഠ ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരിയുടെ സങ്കല്‍പത്തിലുള്ള വാമനമൂര്‍ത്തിയുടേതാണ്. ഓത്തുകൊട്ട് ഒഴിച്ച് ഒരു ആഘോഷവും ക്ഷേത്രത്തില്‍ പാടില്ല എന്നതും കേരളത്തില്‍ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത പ്രത്യേകതയാണ് .
കേരളത്തിലെ പ്രശസ്തരായ വൈദികര്‍ ഇവിടെ തങ്ങളുടെ വേദ പാണ്ഡിത്യം തെളിയിക്കാന്‍ എത്തുന്നുവെന്നതും നൂറ്റാണ്ടുകളായി തുടരുന്നു. കര്‍ക്കിടകം മുതല്‍ തുലാം വരെ നീണ്ടു നില്‍ക്കുന്ന ഓത്തുകൊട്ട് എല്ലാ ദിവസവും ഉണ്ടായിരിക്കില്ല.തിഥികളെ ആസ്പദമാക്കിയാണ് ഓത്തുകൊട്ട് നടക്കുക .ദ്വിതീയ,തൃതീയ,ചതുര്‍ഥി,പഞ്ചമി ,ഷഷ്ടി, സപ്തമി,നവമി,ദശമി എന്നീ ദിവസങ്ങളില്‍ ഓത്തുകൊട്ട് ഉണ്ടായിരിക്കും. ഏകാദശി ,ദ്വാദശി, ദിവസങ്ങളില്‍ ഉച്ച വരെയും പ്രതിപദം,അഷ്ടമി, ചതുര്‍ദ്ദശി,വാവ് ദിവസങ്ങളില്‍ ഓത്തുകൊട്ട് ഉണ്ടായിരിക്കില്ല. രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെയാണ് ഓത്തുകൊട്ട് നടക്കുന്നത്.ഇതില്‍ ഉച്ചസമയത്തെ വിശ്രമം ഒഴിച്ചാല്‍ എല്ലാ സമയവും വേദമന്ത്രത്താല്‍ നാട് മുഖരിതമാകും.വാമനമൂര്‍ത്തിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാട് കൂടിയാണ് വേദാലാപനം.
വേദസ്വരൂപനായ വാമനമൂര്‍ത്തിയുടെ തിരുസന്നിധിയില്‍ നടക്കുന്ന ഓത്തുകൊട്ടില്‍ പങ്കെടുക്കുന്നതും യജ്ഞപ്രസാദമായ ഓത്തുകേട്ട നെയ്യ് സേവിക്കുന്നതും കുടുംബശ്രേയസ്സിനും, സന്താനലബ്ധിക്കും, വിദ്യാഭ്യാസവിജയത്തിനും, ,മംഗല്യ സൌഭാഗ്യത്തിനും അത്യുത്തമമാണെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു .
ഓത്തുകൊട്ട് സമാപന ദിവസമാണ് നെയ്യ് വിതരണം ചെയ്യുക. ആവശ്യക്കാരുടെ ആധിക്യം കണക്കിലെടുത്ത് ഭക്ത ജനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുവാന്‍ താല്‍പര്യപ്പെടുന്നു. ബുക്കിംങ്ങ് തീര്‍ന്നാല്‍ ഇനി മൂന്ന് വര്‍ഷത്തിനുശേഷമെ ഈ നെയ്യ് ലഭിക്കുകയുള്ളൂ.
അപൂര്‍വ്വവും അതീവ പുണ്യജനകവുമായ ഈ മഹായജ്ഞത്തില്‍ നിങ്ങളോരോരുത്തരുടേയും മഹനീയ സാന്നിദ്ധ്യവും സഹായസഹകരങ്ങളും ഭഗവദ്‌നാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു .
പ്രസിഡണ്ട്
യജുവേദയജ്ഞ(ഓത്തുകൊട്ട്)സമിതി
ഓത്തുകൊട്ട് നടക്കുന്ന ദിവസങ്ങള്‍ ( Full Day )
സമയം : രാവിലെ 6.30 മുതല്‍ ഉച്ചക്ക് 12 വരെ, ഉച്ചക്ക് 1 മുതല്‍ വൈകീട്ട് 5 വരെ വൈകീട്ട് 6.30 മുതല്‍ രാത്രി 9.30 വരെ
AUGUST 15 16 19 20 21 28 29 30 31
SEPTEMBER 1 4 5 11 12 13 14 15 18
19 26 27 28 29 30
OCTOBER 1 3 4 10 11 12 13 14 15
26 27 28 29
ഉച്ച വരെ (Half Day)
രാവിലെ 6.30 മുതല്‍ ഉച്ചക്ക് 12 വരെ
AUGUST 17 22
SEPTEMBER 6 20 21
OCTOBER 5 20 21 30
പ്രദോഷദിവസങ്ങളില്‍ രാവിലെ 7 മുതല്‍ 8 വരെ മാത്രം