തിരുവോണ ഊട്ട് , ദ്വാദശി ഊട്ട്
ക്ഷേത്രത്തിലെ മറ്റൊരു പ്രധാനവഴിപാട് തിരുവോണ ഊട്ടും ദ്വാദശി ഊട്ടും ആണ് . എല്ലാ തിരുവോണനാളിലും വെളുത്തദ്വാദശി പക്കത്തിലും ഇത് നടത്തപ്പെടുന്നു. മഹാബലി ചക്രവർത്തി ഭഗവാന് സർവവും സമർപ്പിച്ചത് ഭാദ്രമാസത്തിലെ തിരുവോണനാളും വ്യാഴാഴ്ചയും കൂടിയ പുണ്യദിനത്തിലായിരുന്നു . സന്താനസൌഭാഗ്യത്തിന് തിരുവോണദിവസവും ആത്മസമർപ്പണത്തിന് ദ്വാദശിയും ഏറ്റവും ഉത്തമമായ ദിവസങ്ങളാണ്. ലോകത്തിൽ ദാനങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായ ദാനം അന്നദാനമാണ്. അന്നത്തിനു തുല്യമായ ദാനമില്ല. ഗൃഹസ്ഥനും സന്യാസിയും താപസനും അന്നം കൊണ്ട് ജീവിക്കുന്നു.ചരാചരങ്ങളുടെ ഉത്ഭവവും നിലനിൽപ്പും അന്നത്തിനാണ്. പ്രാണനും തേജസ്സും അതിഥിക്ക് അന്നദാനം ചെയ്യുന്നവർ നല്കുന്നു.പുണ്യലോകങ്ങൾ ലഭിക്കാൻ അന്നദാനം നടത്തണം. അന്നദാനം കൊണ്ട് രന്തിദേവൻ സ്വർഗ്ഗം നേടി . സ്വർണ്ണം, വസ്ത്രം,മറ്റു വിശിഷ്ട വസ്തുക്കൾ ഇവയേക്കാൾ ശ്രേഷ്ട്ടമായ ദ്രവ്യം അന്നമാണ്.അന്നദാതാവ് ബ്രഹ്മജ്ഞരുടെ ലോകം നേടും എന്ന് പുരാണങ്ങൾ പറയുന്നു. ഈ കർമം ചെയ്യുന്നത് ക്ഷേത്രസങ്കേതത്തിലാകുമ്പോൾ ദേവനും പരിവാരങ്ങൾക്കും ചൈതന്യം വർദ്ധിക്കുകയും അന്നദാതാവിന് സർവവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും കൈവരികയും ചെയ്യുന്നു. തിരുവോണ ഊട്ടുദിവസം രാവിലെ ബ്രാഹ്മണരായ ഉണ്ണികൾക്ക് കാൽകഴിചൂട്ട് നടത്തുന്നു.രാവിലെ മുതൽ വൈകുംന്നേരം വരെ നാമജപവും ഉച്ചക്ക് എല്ലാ ഭക്തജനങ്ങൾക്കും പ്രസാദഊട്ടും സന്ധ്യക്ക് സമൂഹാർച്ചനയും നിറമാലയുമാണ് തിരുവോണഊട്ടിലെ പ്രധാന വിശേഷങ്ങൾ .ധാരാളം ഭക്തജനങ്ങൾ തിരുവോണഊട്ടു വഴിപാടായി മുൻകൂട്ടി ബുക്ക് ചെയ്യുന്നുണ്ട്